2009, നവംബർ 10, ചൊവ്വാഴ്ച

കടവത്തൂരിലെ പഴയ വയല്‍വരമ്പിലൂടെ.......


കഥ
പുന്നക്കോള്‍ മുഹമ്മദ് അശ്റഫ്
****************************

എന്‍റെ ഗ്രാമത്തിന്‍റെ ഇടവഴികളെക്കുറിച്ച് രണ്ടു വരി കുറിക്കാന്‍ ഓര്‍ത്തപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളാണ് മനസ്സിന്‍റെ ഇറയോരത്തു ഓടിയെത്തുന്നത്........ കിഴക്ക് കീരിയാവ് മുതല്‍ ഇങ്ങു പടിഞ്ഞാറു കടക്കുളം വരെ നീണ്ടുകിടക്കുന്ന പാടങ്ങളും അതില്‍ തെങ്ങും തേങ്ങയും മാത്രം ആശ്രയിച്ചു കൈലിയും ബനിയനുമുടുത്തു ജീവിക്കുന്ന ഒരു പറ്റം നിറം കുറഞ്ഞ കുറെ മനുഷ്യരും.....തൊട്ടടുത്ത ഗ്രാമമായ പോയിലൂരില്‍ നിന്ന് കാവ് കെട്ടി എത്തുന്ന പെണ്ണുങ്ങള്‍.....അവരുടെ നടത്തം ഗ്രാമത്തിന്‍റെ ചന്തമായിരുന്നു...കാവടികള്‍ ഞെരിഞ്ഞമരുംപോയുള്ള സീല്‍ക്കരത്തിന് ഒരു നാടന്‍ പാട്ടിന്‍റെ ഇശലുണ്ടായിരുന്നു.....അവരുടെ ഭാരിച്ച ചുവടുകള്‍ വരുന്ന വഴിയില്‍ മുണ്ടത്തോട് പാലത്തിനടുത്തുള്ള കല്ല്ത്താണിയില്‍ ഇറക്കിവെച്ചു വിശ്രമിക്കും.ചീര്‍ത്തു വീര്‍ത്ത കണ്ണിനിമ്പമുള്ള മരച്ചീനിയും വാഴക്കുലയും കടവത്തൂരങ്ങാടിയില്‍ വിറ്റ്‌ അരിയും പാക്കില്‍ നിറച്ചു അവര്‍ മടങ്ങുന്നു.
കൗമാരത്തിന്‍റെ വിഭ്രാന്തിയില്‍ ജനുവരിയുടെ മഞ്ഞുവീണു നനുത്ത പാടവരമ്പിലൂടെ നഗ്നപാദനായി നടന്നതും........ചെമ്ബ്രക്കുന്നുംതാണ്ടി കടവത്തൂര്‍ ജുമാ മസ്ജിദിന്‍റെ വിശാലമായ ഖബര്‍സ്ഥാനില്‍ എത്തിപ്പെട്ടതും ശയ്താനും ജിന്നും പറഞ്ഞു പേടിപ്പിച്ചോടിച്ച തടിച്ച മമ്മീക്കയും....
വര്‍ഷകാലത്ത് കടക്കുളം വയലും കുഴിച്ച കണ്ടവും മഴവെള്ളം കൊണ്ട് നിറഞ്ഞു കവിയുംപോഴോക്കെയും കൊതുമ്പുതോണിയുമായി രാഘവേട്ടനെത്തും വെള്ളം നിറഞ്ഞു കവിഞ്ഞ്‌ ഒറ്റപ്പെട്ട വീടുകളില്‍നിന്നെല്ലാം ഓരോരുത്തെരെയായി അങ്ങകലെ തെക്കുംമുറി ഭാഗത്തേക്ക് രക്ഷപ്പെടുത്തും വെള്ളം കയറിയാല്‍ പരിസരമാകെ കൂക്കുവിളികള്‍ കൊണ്ട് മുഖരിതമാകും ഓരോ വിളിക്കും മറുകരയില്‍ നിന്ന് ഒരു മറുകൂക്കി ഉണ്ടാകും അപ്പോള്‍ കുടംബിയെ കുറിച്ച് ഓര്‍ക്കും.... ( പ്രതികരണശേഷി കൂടിയ മനുഷ്യനായിരുന്നുവല്ലോ അയാള്‍ ) ചിലപ്പോള്‍ കൂക്കുവിളികള്‍ ലോപിച്ച് "കുടംബീ" "കുടംബീ" എന്നാകും. പിന്നെ മറുകരയില്‍ ജാഗരൂകനായി കാത്തിരിക്കുന്ന കുടമ്പിയുടെ കര്‍ണകഠോരമായ മറുപടിയും... "കുടമ്പി നിന്‍റെ അച്ഛന്‍.." വര്‍ഷങ്ങള്‍ പഴക്കമുള്ള വളഞ്ഞ കാലുള്ള ശീലക്കുട പ്ലാസ്റ്റിക്‌ കയറുകൊണ്ട് വരിഞ്ഞുകെട്ടിയ ഇത്തരം ഒരു കുട വീണ്ടും പൂട്ടാനുള്ള ജനങ്ങളുടെ ആവശ്യം അയാളെ കൊപാന്ധനാക്കുന്നു. "പൂട്ടെടാ കുട..." പൂട്ടില്ലെടാ." "പൂട്ടെടാ കുട..." പൂട്ടില്ലെടാ." എന്നും കേള്‍ക്കുന്ന വാഗ്വാദങ്ങള്‍..... വിശ്വവിഖ്യാതമായ ഈ കുടയാണ് അയാളെ കുടംബിയാക്കുന്നതും ....കുടയും കക്ഷത്തില്‍ വെച്ച് പിഞ്ഞിയ ലുങ്കിയും മുറിക്കയ്യന്‍ ബനിയനും ഇട്ടു ജനമധ്യത്തില്‍ ഗള്‍ഫ്കാരെ തിരയുന്നു. ഓരോ ഗള്‍ഫ്‌കാരനും കുടംബിയെ കാണാന്‍ രജിസ്ട്രഷന്‍ ഫീസ്‌ ഉണ്ട്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ വര്‍ഷാവര്‍ഷമുള്ള അവധികളില്‍ അയാള്‍ ഗള്‍ഫുകാരനെതേടി അയാളുടെ വീട്ടിലെത്തും. ഇത്തരം പത്തു നൂറു അക്കൌണ്ടുകള്‍ കടവത്തൂരും പരിസരങ്ങളിലും അയാള്‍ക്കുണ്ട്. ഒരിക്കല്‍ അയാള്‍ എന്നോട് പറഞ്ഞു: "ചിലവൊക്കെ ഇച്ചിരി കൂടിയിരിക്കുന്നു ഫീസിപ്പം പത്താ....." അയാള്‍ രണ്ടു കയ്യും നിവര്‍ത്തി കാണിച്ചു.......
ഗ്രാമ വിശുദ്ധിയുടെഅടയാളങ്ങള്‍ പതിഞ്ഞ കഥാ പാത്രങ്ങളായിരുന്നുവല്ലോ അയാള്‍ .........പുളിങ്കറി ..... പൊട്ടന്‍ കുഞ്ഞെദ്‌ ...അന്തിക്കള്ള് തലയ്ക്കു പിടിക്കുമ്പോള്‍ ഭൂലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കൃത്യമായി ജനങ്ങളെ അറിയിക്കുന്ന മടപ്പുര ദാമു... ജനങ്ങള്‍ കൂട്ടം കൂടി നിന്ന് സീരിയസ്സായ് വല്ലതും സംസാരിക്കുന്നിടത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ടു "എന്ത് കാന്തി ഏതു കാന്തി" എന്ന് ചോദിക്കുന്ന കാന്തി അയമമത്.....പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട് ഒരു പാവം മനുഷ്യനെ ഇത്രയധികം പിടിച്ചുലച്ച ആ "കാന്തി" എന്താണാവോ ആരാണാവോ....ആ കാന്തി ഇന്നും ഒരു പ്രഹേളികയായി നിലനില്‍ക്കുന്നു. ഗ്രാമത്തിന്‍റെ മുദ്രകള്‍ പതിഞ്ഞ പഴമയുടെ പ്രതീകങ്ങളായ പോസ്റ്റ്‌ ഓഫീസും.., മണല്‍ പറത്തികൊണ്ട് "കടവത്തൂര്‍ കടവത്തൂര്‍" എന്ന് വിളിച്ചു പറഞ്ഞു കിതച്ചുകൊണ്ട് വന്നുനില്‍ക്കുന്ന കാര്‍ത്തിക ബസ്സും മനസ്സിലിന്നും മായാതെ നില്‍ക്കുന്നു. കാര്‍ത്തിക ബസ്‌ ഞങ്ങളുടെ ആദ്യത്തെ അമ്മ ബസ്സാണ്....ട്രാന്‍സ്പോര്‍ട്ട് സൌകര്യങ്ങള്‍ ഇല്ലാത്ത കാലത്ത്‌ ഇരഞ്ഞീന്കീഴില്‍ ,.. മുണ്ടത്തോട് ..,പാലത്തായി..,എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ഈ ബസ്സിനെയാണ് ആശ്രയിക്കുന്നത് ...കൊപ്രയും അടക്കയും നിറച്ച തലച്ചുമടുമായി ആളുകള്‍ ഈ ബസ്സില്‍ തലശ്ശേരി എത്തുന്നു ...അരിയും സാമാനങ്ങളുമായി സന്ധ്യക്ക്‌ തിരിച്ച്.......ഇലക്ട്രിക്‌ പോസ്റ്റുകളില്‍ തെരുവ് വിളക്കുകള്‍ മുനിഞ്ഞു കത്തുന്നുണ്ട് ...ടോര്‍ച്ചും വെളിച്ചവും ഇല്ലാത്ത കാലം ബസ്സിറങ്ങി ആളുകള്‍ രാഘവേട്ടന്‍റെ മുറുക്കാന്‍ കടയിലെത്തുന്നു. പഴയ കള്ളുഷാപ്പിന്‍റെ തോട്ടുമുന്നിലായിരുന്നു മുറുക്കാന്‍ കട ....അന്തിക്കള്ള് മോന്താനെത്തുന്ന ഗ്രാമീണരും ബസ്സിറങ്ങി എത്തുന്നവരുമായിരുന്നു രാഘവേട്ടന്‍റെ കസ്ടമേഴ്സ് ...കണ്ണിന്‍റെ താഴെ മുറിഞ്ഞ അടയാളമുള്ള അയാള്‍
രണ്ടണക്ക് ചൂട്ട് വില്‍ക്കും ആളുകള്‍ അതും വാങ്ങി ആഞ്ഞു വീശിനടക്കുന്നു ...
വൈകുന്നേരങ്ങളില്‍ കാക്കിക്കുപ്പായവും നീണ്ടു അറ്റം വളഞ്ഞ മരക്കാലന്‍ ശീലക്കുടയുമായ് പോസ്റ്റൊഫീസിനരികില്‍ ശിപായി എത്തും. എന്നിട്ട് ആളുകളുടെ കത്തുകള്‍ ഉച്ചത്തില്‍ പേര് വിളിച്ചു കൊടുക്കും."കുറുക്കനെ നോക്കീന്‍റെവിട കമലാക്ഷി" "ശൂലത്തില്‍ ഖാദര്‍ " "തൂറീന്‍റെവിട പാത്തൂട്ടി...." ഇത്തരം കത്തുകള്‍ ജനങ്ങള്‍ ആരവത്തോടെ സ്വീകരിക്കുന്നു.ആളുകള്‍ കൂടുന്ന ഇടമായതിനാല്‍ കത്തുവിളികളുടെ അവസാനങ്ങളില്‍ ഇറച്ചികടക്കാരന്‍റെ ഉച്ചത്തിലുള്ള പരസ്യം വിളി ഉണ്ടാകും "നാളെ പോത്തുണ്ടേ! നാളെ പോത്തുണ്ടേ!" പരസ്യം കേട്ട് പിറ്റേന്ന് കാലത്ത് പോത്തിറച്ചി വാങ്ങാന്‍ ചിലര്‍ കടയിലെത്തും അപ്പോള്‍ മമ്മീക്ക പറയും "ഇങ്ങള് പോത്താങ്കില് മാങ്ങിയാ മതി"
ഗ്രാമത്തിന്‍റെ നിഷ്കളങ്കതകള്‍ പതിഞ്ഞ കഥകളും കഥാപാത്രങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.......... ഇന്ന് കടവത്തൂര്‍ ആകെ മാറിയിരിക്കുന്നു ..... യു.പി സ്കൂളിന്‍റെ മുറ്റത്ത്‌ പണ്ടുയര്‍ന്നുകേട്ട തലമകളിയുടെ ആരവമെവിടെ?... ചെറുപ്പത്തില്‍ കല്ലാച്ചേരി കടവില്‍ തോണി കടന്നു അക്കരെ നാദാപുരം ടാക്കീസില്‍ സിനിമ കാണാന്‍ പോയ കൂട്ടുകാരിന്നെവിടെ.?.. മടക്കിക്കുത്തിയ മുണ്ടും കുപ്പായവും ധരിച്ചു സന്തോഷത്തോടെ ആസ്വദിച്ച ആ പഴയ പെരുന്നാളും കുരൂളിക്കാവ് മടപ്പുര ഉത്സവങ്ങളും ഇന്നെവിടെ ?...കടവത്തൂര്‍ ടൌണിലെ കോണ്‍ഗ്രീറ്റ്‌ കാടുകള്‍ക്കിടയിലെ വീതിയേറിയ ടാറിട്ട റോഡിലൂടെ എല്ലാം ആസ്വദിച്ചു നടക്കുമ്പോഴും നഷ്ട്ടപ്പെട്ട എന്തോ ഒന്ന്.അത് തിരയുകയിരുന്നു ഞാന്‍..