2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഞാന്‍ ഒരു കൊടും ഭീകരനോ..?

ആഗോള മാന്ദ്യത്തിന്റെ, സുനാമിയലകളില്‍ പെട്ട് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് എടുത്തെറിയപ്പെട്ട അയാൾ - നേടിയെടുത്ത സാങ്കേതിക കരുത്തുമായി പറ്റിയ മേച്ചില്‍ പുറം തേടി അലച്ചില്‍ തുടങ്ങിയിട്ടു നാളു കുറെയായി. കയ്യിലേന്തിയ സാങ്കേതിക ഭാണ്ഢത്തില്‍ ഒരു മള്‍ട്ടി മീറ്ററും സോൾടെരിംഗ് അയെര്‍ണും പലതരം സ്ക്രൂ ഡ്രൈവറുകളും ഉണ്ട്ട് . പിന്നെ ചില അസാധാരണ അസുഖങ്ങള്‍ക്ക് ഉള്ള മരുന്നായി ഐസി ചിപ്പുകളും കുറച്ചു റെസിസ്റ്റര്‍, കണ്ടെന്സര്‍ മറ്റും..മറ്റും - ചുരുക്കത്തില്‍ ചലിക്കുന്ന ഒരു റിപ്പയര്‍ യൂനിറ്റ് .

ഏതോ ഒരു റൈൽ വേ സ്റ്റേഷനിലെ മൂലയിലെ സിമന്റ് ബെഞ്ച് പകർന്ന തണുപ്പില്‍ കിട്ടിയ ഉറക്കിന്റെ ആലസ്യത്തില്‍ നിന്നും പതിയെ എണീറ്റ് അയാൾ ചായ കുടിക്കാന്‍ ആയി കേന്റീനില്‍ ചെന്നു .
ടിവിയില്‍ ന്യൂസ് ഫ്ലാഷ് മിന്നി മറയുന്നത് നിര്‍വ്വികാരനായി നോക്കിയിരുന്നു . " ഏതോ ഒരു സ്ഫോടന കേസ്സിലെ പ്രതിയായ കൊടും ഭീകരന്‍ റിപ്പര്‍ ഹാഷിമിനെ പോലീസ് തിരയുന്നു ".. ജനം ടിവിയില്‍ കണ്ണ് നട്ടിരിക്കുകയാണ് ഒപ്പം അയാളും .

പൊടിപ്പും തൊങ്ങലും ആയി സ്പെഷ്യല്‍ റിപ്പോറ്ട്ടരുറെ വിശദീകരണം, ഇയാള്‍ റിമോട്ട് ബോംബ്‌ നിര്‍മ്മാണത്തില്‍ വൈദഗ്ദ്യം നേടിയിട്ടുണ്ട്.അജ്ഞാത കേന്ദ്രത്തില്‍ പരിശീലകനായി സ്ഥിരം പങ്കെടുക്കാറുണ്ടത്രേ. തീര്‍ന്നില്ല, ടിവി ന്യൂസ് ആഘോഷം പൊടി പൊടിക്കുകയാണ്. വീട്ടില്‍ ചെന്നിട്ടു കുറെ നാളായെന്നും പ്രതി ഒളിവിലാണെന്നും വരെ പറയുന്നു .. അധികം താമസിച്ചില്ല ..ഇന്സെറ്റില്‍ ഒരു ഫോട്ടോയും കാണാറായി ..
ഇതെന്റെ ഫോട്ടോ പോലുണ്ടല്ലോ !!
അയാൾ ഒരു ഞെട്ടലോടെ അത് മനസ്സിലാക്കി

അടിവയറ്റില്‍ നിന്നും ഉത്ഭവിച്ച അഗ്നിയില്‍, മാംസം കരിഞ്ഞ മണം അയാളുടെ വായിലൂടെ പുറത്ത് കടന്നു.
തൊണ്ട വരണ്ടു പോയി .. ഞാന്‍ ..റിപ്പറല്ലാ ...റിപ്പയര്‍ ഹാഷിമാ ..ആത്മഗതം പുറത്തേക്ക്‌ തികട്ടി

ഹും കണ്ടോ നാമറിയാത്ത ..എത്ര രാജ്യദ്രോഹികളെ കണ്ടെത്താന്‍ ഇരിക്കുന്നു ..ഇവനെയെങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍ ..കൂട്ടത്തില്‍ ഒരു കൊമ്പന്‍ മീശ ഞെരിപിരി കൊണ്ടു .

ഞാന്‍ ഏതോ ഭീകര സ്വപ്നം കാണുകയാണോ? അങ്ങനെയെങ്കില്‍ ഇതെത്ര നന്നായേനെ ..
സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ഇവിടെ നിഷേധിക്കപ്പെടുകയാണോ?

കുടുമ്പത്തെ നോക്കാൻ തീവ്രമായി പരിശ്രമിക്കുന്നതും ഇനി ഭീകരതയിൽ പെടുമെന്നോ?
അല്ല ഇത് നുണയാണ് ..ഞാന്‍ നിരപരാധിയാണ് ...ഭീകരനല്ലാ..അയാളുടെ മനസ്സ് പിടഞ്ഞു ..
കൊച്ചുമകള് ടെ നിഷ്കളങ്കമായ പുഞ്ചിരി അകക്കണ്ണില്‍ മിന്നി മറഞ്ഞു ..
ഒപ്പം ജയിലിന്റെ നരക വാതില്‍ തുറക്കുന്ന പരുത്ത ശബ്ദം കാതില്‍ പ്രകമ്പനം കൊണ്ടു.
ചുറ്റും പോലീസ് വളഞ്ഞിരിക്കുന്നു , ജനക്കൂട്ടം ഭീകരനെ തുറിച്ചു നോക്കി.

അയാളുടെ രോദനങ്ങൾ ബഹളത്തിന്റെ ആഴത്തിൽ മുങ്ങിപ്പോയിരുന്നു.
അലച്ചില്‍ തീര്‍ത്ത താടി രോമവും തൊണ്ടിയായി കിട്ടിയ സാങ്കേതിക ഭാണ്ടവും റിപ്പയര്‍ ഹാഷിം
എന്നാ പേരും മതിയായിരുന്നു അവര്‍ക്ക് അയാളെ ഒരു കൊടും ഭീകരനാക്കാന്‍ പോന്ന തെളിവായി .
അവനെ പൊക്കിയെടുത്ത്‌ ജീപ്പിലെക്ക് എറിയൂ ..പോലീസ് മേധാവിയുടെ
ആക്രോശം ..അപ്പഴേക്കും അയാൾ ഉറക്കിൽ നിന്നും ഞെട്ടിയുണര്‍ന്നിരുന്നു.

***************************************************************************************************************************************