2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഞാന്‍ സദാ തിരക്കിലാണ് .. ! (കവിത ) അന്‍വര്‍ സെയ്ദ്

(കവിത ) അന്‍വര്‍ സെയ്ദ്
*************************

ഞാന്‍ സദാ തിരക്കിലാണ് .. !
ഒന്നുമല്ലാതിരുന്ന - അന്ന്
ഞാന്‍ കവിത എഴുതിയില്ല
കണ്ണീരും , പുഞ്ചിരിയും അതിന്റെ -
നനവും , ഗന്ധവും കവിതാ ശകലമായ്‌
അന്നെന്റെ ഉള്ളിലൊതുക്കി -
പുറത്ത്‌ ഞാന്‍ വെളുക്കെ ചിരിച്ചു

പുലരി മഞ്ഞില്‍ - ഞാറിന്‍ തുമ്പുകള്‍
തലോടി,അന്ന് ഞാന്‍ പാട വരമ്പില്‍ -
നടക്കുമായിരുന്നു വൃക്ഷ തണലില്‍ -
മന്ദമാരുതനില്‍ അഭിരമിക്കുന്നേരം ,
വിണ്ണിന്റെ വിശാലതയില്‍ -
ഞാന്‍ കണ്ണ് നട്ടിരുന്നു

ഇരുളും പ്രകാശവും ഇണ ചേരുന്ന
സന്ധ്യയില്‍ -നിലാവിന്‍റെ മുഖം ,
ഞാന്‍ നോക്കി നിന്നു...
ആ മന്ദഹാസത്തെ ഞാന്‍ പ്രണയിച്ചു

ഒന്നുമില്ലായ്മയുടെ ...നാള്‍വഴികള്‍ താണ്ടി
ഇന്ന് എല്ലാമായപ്പോള്‍ - വല്ലായ്മകള്‍ തീര്‍ത്തു,
പുതിയ ഇല്ലായ്മകള്‍ - വീണ്ടും ....

എനിക്ക് സാന്ത്വനമെകിയ വര്‍ണ്ണ -
വിസ്മയ പ്രപഞ്ചം
എന്‍റെ , വഴികളില്‍ - പുഞ്ചിരിച്ച പൂവുകള്‍ ...
എനിക്ക് നഷ്ടമായത് , അതുല്യ പ്രപഞ്ചം

എനിക്കൊന്നും കാണാന്‍ നേരമില്ല ..
ഞാന്‍ സദാ തിരക്കിലാണ് ..
ഞാന്‍ സദാ തിരക്കിലാണ് .. !
വ്യര്‍ത്ഥമാം മുഖത്ത്‌ വിരിയുന്ന
അഭിനയ ചിരിക്കു , പണ്ടത്തെ -
കരിതിരി വിളക്കിന്‍റെ പ്രകാശം ...
പോലുമില്ല -

ഇന്നിന്‍റെ നേട്ടവും , അന്നിന്റെ കോട്ടവും
നേരിന്റെ തുലാസില്‍ - ഞാന്‍ തൂക്കി നോക്കി
എന്‍റെ ഭാരം - ഒരു പുല്‍കൊടിയുടെ അത്ര -
പോലുമില്ലെന്ന് ഞാനറിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: