2009, ഡിസംബർ 11, വെള്ളിയാഴ്‌ച

അഭിമാനമോ..പണമോ..


കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി .. പറ്റിച്ചും പിടിച്ചു പറിച്ചും ആണെന്നും സംസാരം ഉണ്ട്. എങ്ങിനെയായാലും, സദാ ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലുഅഹങ്കാരത്തോടെ ആണ് മൊതലാളീടെ നടപ്പ്‌ ! .. താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതുകുംബിടാന്‍ - വരുന്നവരെ മാത്രം സ്വീകരിച്ചു.
പൈസക്കാരനായാല്‍ മാത്രം പോരാ,ഭക്തിയുമുണ്ടെങ്കിലേ നാട്ടില്‍ വലിയ മതിപ്പുണ്ടാകൂ എന്നതിനാല്‍ അതിനും ആശാന്‍ തയാറായി.അങ്ങിനെ അമ്പലക്കമ്മറ്റി സെക്രട്ടറിയായി. ഇനി ഐഡിയാ സ്റ്റാറാകാനും വേണെങ്കീ തയാര്‍, കലാപരമായി മുഖം തിരിഞ്ഞു നില്‍ക്കുന്ന നാട്ടുകാര്‍ ആയതിനാല്‍,ഏതായാലൂം ആ മെനക്കേടുണ്ടായില്ല.
പൈസേം ഭക്തിയും സാമാന്യം വലിയ കുടവയറുമുണ്ടെങ്കില്‍ അയാള്‍ മാത്ര്കായോഗ്യനായി.മുന്‍ കാല ദുര്‍നടപ്പുകള്‍ അതോടെ മാലോകര്‍ മറന്നു കൊടുക്കും..പിന്നെ മിസ്റ്റര്‍ ക്ലീന്‍.
കൈക്കോട്ടു പണിക്കാരനായ ദാമു , അയല്‍ക്കാരനും,അഭിമാനിയും ആണ്. അയാള്‍ പണക്കാര്‍ക്ക് മുമ്പില്‍ വെറുതെ കുനിഞ്ഞില്ല ... അത് അബ്കാരിയെ ക്ഷുപിതനാക്കി .... കുറെ ആള്‍ക്കാര്‍ കൂടിയ - കവലയില്‍ തല ഉയര്‍ത്തി അബ്കാരിനില്‍ക്കുകയായിരുന്നു. കൂടെ നിന്നവര്‍ തൊട്ടു തലോടി വിധേയത്തം കാണിച്ചു .... അത് വഴിയെ - കൈക്കോട്ടും തോളിലേറ്റി ദാമു വരികയായിരുന്നു .. ദൃഷ്ടികള്‍ താഴ്ത്തി , മണ്ണോടു മാത്രം വിധേയത്തം കാട്ടി നടക്കുന്ന ദാമു ...

എടൊ ദാമൂ ഇങ്ങോട്ട് വരാന്‍.. അബ്ക്കാരി കാറി വിളിച്ചു. വിളിച്ചിടത്ത് ചെല്ലാതെ ദാമു നിര്‍വികാരനായി നിന്നു. എന്തുണ്ടായിട്ടാടാ ഈ നെഗളിപ്പ്‌ !....താന്‍ ആരുവാ ഹും ..വെറും കൈക്കോട്ടു പണിക്കാരന്‍ അബ്കാരിയുടെ ആക്രോശം. പിന്നെ അങ്ങോട്ട്‌ - ദാമുവിനെ അവമതിക്കാന്‍ തുടങ്ങി .... പ്രായേണ അതൊരു വാഗ്ഗ്വാദം ആയി പരിണമിച്ചു …

അബ്കാരി : നീ എന്‍റെ പണം കണ്ടിട്ടുണ്ടോ ?
ദാമു : എന്തേ, പേഴ്സ് പോക്കറ്റടിച്ചു പോയോ..

അബ്കാരി : എന്‍റെ പണത്തിന്‍റെ ഊക്ക് എന്തെന്നറിയോ..
ദാമു : അതേതായാലും എന്‍റെ കയ്യൂക്കിനോളം വരില്ല..എന്തേയ് കാണണോ..

അബ്കാരി : നിന്‍റെ ഈ അഹങ്കാരത്തിനു, നീ അനുഭവിക്കും.ഓലപ്പുരയിലാ താമസം
എന്നാല്‍ വലിയ തറവാടിയെന്നാ ഭാവം..
ദാമു : മേക്കിട്ട് കേറാന്‍ വന്നാല്‍ അങ്ങിനെ തോന്നണം..

അബ്‌കാരി: എടാ ദാമു നീ വെറും പുഴു.. എന്‍റെ ബംഗ്ലാവ് , കാര്‍ , ഏ സി , സ്വമ്മിംഗ് പൂള്‍ ...അങ്ങനെമുന്തിയ ജീവിതം നയിക്കുന്ന ഞാനെവിടെ കിടക്കുന്നു..എന്നോടാ നിന്‍റെ കളി

എന്നാല്‍ കേട്ടോളൂ ... ദാമു തിരിച്ചടിച്ചു .....തെല്ലു ദാര്‍ശനികതയോടെ !

എന്റെ ജീവിതം നിന്റെതിലും മുന്തിയതാ ...നീ പറഞ്ഞതിലും അധികം എനിക്കുണ്ട് എന്റെ ഓലപ്പുര..തരുന്ന സുഖം നിന്റെ ബന്ഗ്ലാവിനു കാണില്ല .. പിന്നെ ബലിഷ്ടമായ രണ്ടു കാലുള്ളപ്പോള്‍.. എനിക്കെന്തിനു കാര്‍ പാട വക്കില്‍ കുളവും , അതിനുമപ്പുറം പുഴയും ! എന്തിനു പിന്നെ ''സ്വിമ്മിംഗ് ഫൂള്‍''...... പിന്നെന്താ എസിയോ സദാ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റുള്ളപ്പോള്‍ ... എന്തിനത് പിന്നെന്തിനാ മൊയലാളീ പണം
ഇത് എല്ലാം എനിക്ക് ഓശാരമായി ദൈവം തരുന്നു ..... പകരമായി ഞാന്‍ ദൈവത്തെ നമിക്കുന്നു
നീയോ ! ഹ ...കഷ്ടം ...എല്ലാം വില കൊടുത്തു വാങ്ങി , ''ബോണ്‍സായി'' ആക്കി മേനി നടിക്കുന്നു നീ വലിയ ആള്‍ ദൈവമാകാന്‍ നോക്കുന്നു ...... എന്നിട്ട് ഞങ്ങള്‍ പാവങ്ങള്‍ നിന്നെ നമിക്കണത്രേ.. ലജ്ജാവഹം. എന്നെ കിട്ടില്ല വേറെ ആളെ നോക്കണം.തന്‍റെ ചെലവിലാണോ ഞാന്‍ കഴിയുന്നത്..!!!
അബ്കാരി ഇളിമ്ബ്യനായി...തരിച്ചു നിന്നു ! കൂടെ നിന്നവര്‍ ആര്‍ത്തു ചിരിച്ചു …
പണം എന്നത് ആപേക്ഷികം - വില ഒടുക്കാതെ കിട്ടിയ ജീവന്‍ ....തിരിച്ചു പോകുന്നതും വിലയില്ലാതെ...എല്ലാം ...പ്രകൃതി തരുന്നു ... എന്നിട്ടും , ചിലര് - ''ബോണ്‍സായി '' സംസ്കാരത്തിന്റെ അടിമകള്‍ …ആള്‍ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി പറയുന്നുണ്ടായിരുന്നു..
ദാമു അഭിമാനിയായി നടന്നകലുമ്പോള്‍ പിന്നാലെ അബ്‌കാരിയുടെ വിധേയരും അനുഗമിച്ചു…അബ്‌കാരി തലകുനിച്ച് വിയര്‍ത്തൊലിച്ച് നിന്നു. ആള്‍ബലം നഷ്ടപ്പെട്ട ഏതോ രാഷ്ട്രീയ്യ നേതാവിനെ പോലെ.
.............. ശുഭം ..............

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

panathhinekkalvaluthanu abhimanam .. athu malayalikku