2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

സ്വര്‍ഗ്ഗ പൂങ്കാവനം - കവിത








അന്‍വര്‍ സെയ്ദ്


ഇന്നലേകള്‍ തീര്‍ത്ത കാലുഷ്യങ്ങള്‍ക്കൊടുവില്‍
ഇന്നിന്റെ യാഥാര്‍ത്ഥ്യം എന്നോട് പറഞ്ഞു
നമുക്കു പോകാം സ്വസ്ഥമാം ഒരിടത്തേയ്ക്ക്
ജാഡയും കാപട്യവുമില്ലാത്ത പച്ചയാം
മനുജര്‍ക്കിടയിലേക്ക്
ഹിംസയും ചൂഷണവുമില്ലാത്ത
സ്വഛമായി ഒഴുകുന്ന നദിക്കരയിലേക്ക്


അവിടേ,ഹരിതാഭമാം വയലേലകളില്‍
തിരയിളക്കുന്ന തെന്നലുണ്ട്
സ്നേഹം പൂത്തുലഞ്ഞ് നറുമണമേകും
പൂക്കളുണ്ട്
നയന സുന്ദരമായ പച്ച പുല്‍മേടുകള്‍,
അവിടെ മേഞ്ഞു നടക്കും പൈക്കളുണ്ട്
ഓലക്കീറുകളില്‍ ഊഞ്ഞാലാടും കിളികളുണ്ട്
അവയൊരുക്കും പശ്ചാത്തല സംഗീതമുണ്ട്


സ്ഫടിക സമാനമൊഴുകും കൊച്ചരുവികളില്‍
കുളിര്‍ കോരിയിടും നനുത്ത ജലസ്പര്‍ശമുണ്ട്
വെയിലിനു കുട ചൂടും തണല്‍ മരങ്ങളുണ്ട്
പറിച്ചെടുക്കാന്‍ വിധേയയായി തലകുനിക്കും
ഫല വൃക്ഷമുണ്ട് - പിന്നേയും
അനവധ്യ കാഴ്ചകള്‍,അനുഭൂതികള്‍...


ഇന്നോളം കാണാത്ത കേള്‍ക്കാത്ത
ആ സ്വര്‍ഗ്ഗ പൂങ്കാവനം പൂകുവാന്‍
ഇനിയെത്ര വഴിതരണികള്‍ പിന്നിടേണം
എന്റെ വഴികളില്‍ കാരമുള്ളുകള്‍ കീറാമുട്ടികള്‍
തല്ലാതെ തലോടിയും കൊല്ലാതെ രക്ഷയേകിയും
സഹന-ഗുണകാംക്ഷയേകുവോര്‍ക്കാര്‍ക്കുമേ
അത്താണിയായ് ഒരുക്കിവെച്ച സമ്മാനം


ഇവിടം സ്വര്‍ഗ്ഗമാക്കാന്‍ അപരനു നരകയാതന
തീര്‍ത്തവര്‍ക്കവിടെ നരകവും
കയ്പ്പേറിയ സഹനവും സൂക്ഷമതയും
ജീവിതസരണിയില്‍ വ്രതമാക്കുമാര്‍ക്കുമേ
സ്വര്‍ഗ്ഗവും - ജഗതീശാ നീയെത്ര മഹാ നീതിമാന്‍!

അഭിപ്രായങ്ങളൊന്നുമില്ല: